ചിതറിയ ഒരു ഓര്‍മ്മക്കുറിപ്പ്‌



ആ മുത്തശ്ശിയമ്മൂമ്മയെപ്പറ്റി എന്താണ് എഴുതേണ്ടത് എന്ന് അറിയില്ല. പക്ഷെ ഏതൊക്കെയോ പാതിമുറിഞ്ഞ ഓര്‍മകളില്‍ നിന്നും വാക്കുകള്‍ കൂടെക്കൂടെ കൈവിരലുകളിലെക്ക് എത്തിച്ചേരുന്നു, വേനലില്‍ മരങ്ങളുടെ വേരുകള്‍ തേടി ജലകണങ്ങള്‍ എത്തിച്ചേരുന്നത് പോലെ. ആ മരങ്ങളുടെ ജീവനിലൂടെയാണ് പിന്നീട് അവയുടെ  തുടര്‍ച്ച..

ഒരുപാടുകാലമൊന്നും  ഞാന്‍ ആ  മുത്തശ്ശിയമ്മൂമ്മയെ  കണ്ടിട്ടില്ല. ചെറുപ്പത്തില്‍ കഥകള്‍ പറഞ്ഞു തന്നതിന്റെയോ മറ്റോ  ഓര്‍മകളും ഉണ്ടായിരുന്നിട്ടില്ല .പക്ഷെ എന്നിട്ടും ചില ആളുകള്‍ വെറുതെ നമ്മുടെ മനസ്സിനെ ചുറ്റിപ്പിടിക്കും. വെറുതേ; വെറുതേ തന്നെ.

അവസാനത്തെ ഓര്‍മയില്‍ ആ അമ്മ,  പൊട്ടിയ ഓടുകള്‍ക്കിടയിലൂടെ വെള്ളം വീണു നനഞ്ഞ ഇറയത്തു നിന്നുമുള്ള നോട്ടത്തില്‍ , ഒരു പഴയ പലകക്കട്ടിലിലെ വളഞ്ഞു കൂടി ശാന്തമായുറങ്ങുന്ന രൂപമായിരുന്നു. ഇടക്കെപ്പോഴോ ഉണരുമ്പോള്‍ “ ആരാണ് കുട്ടീ ? ഒന്നും ഓര്‍മ്മല്ല്യാ.. “ എന്ന് ആംഗ്യത്തോടെ മുറിഞ്ഞു മുറിഞ്ഞു പറയും. 
ആദ്യത്തെ ഓര്‍മ്മയില്‍, കൂനിയിട്ടെങ്കിലും മുളവടികുത്തിയുള്ള അവരുടെ  വേഗത്തിലുള്ള  നടപ്പും, കൊയ്ത്തുപാട്ടുകളും, പേരറിയാത്ത ഏതൊക്കെയോ നാട്ടുചെടികളും   ആണ്. 
തിരുവിതാംകൂറില്‍ നിന്നും മലബാറിലേക്ക് കുടിയേറിയ വലിയൊരു കുടുംബത്തിന്‍റെ ഗൃഹനായികയായിരുന്നതിന്റെ, ആ ഒരു വെട്ടിപ്പിടിക്കലിന്റെ, കാലഘട്ടത്തിന്‍റെ പ്രൌഡി അപ്പോളും അവര്‍ക്കുണ്ടായിരുന്നു.
 ഇടയിലെപ്പോഴോ അവരുടെ കണ്ണുകള്‍ വിദൂരതകളിലേക്ക് പിന്‍വാങ്ങിയതായി തോന്നിയിരുന്നു. ചോദ്യങ്ങള്‍, ഉത്തരങ്ങള്‍ എല്ലാത്തില്‍ നിന്നും. കാലം അവരെ ഏതാണ്ടൊരു നിഗൂഢബന്ധനത്തിലാക്കിയത് പോലെയാണ് തോന്നുക. ഒരുപാട് കാലങ്ങള്‍, വര്‍ഷങ്ങള്‍, ഋതുക്കള്‍ , മനുഷ്യര്‍, അനുഭവങ്ങള്‍, കാഴ്ചകള്‍ ഇവയെല്ലാം കഴിയുമ്പോള്‍  നിശബ്ദതയുടെ ഒരു തമോഗര്‍ത്തം കടന്ന് വീണ്ടും ഒരു പുതിയ  തുടര്‍ച്ചയുടെ ഭാഗമാവാന്‍ മനുഷ്യന്‍ ആഗ്രഹിക്കില്ലേ ?? വീണ്ടും ഒരു കുഞ്ഞാകുവനുള്ള മോഹം, പൂക്കളാകുവാന്‍, പക്ഷികളും ചിത്ര ശലഭങ്ങളും ആകുവാന്‍..  ആ ആഗ്രഹം മനുഷ്യനില്‍ മടുപ്പുണ്ടാക്കാറില്ലേ?? പക്ഷെ അവരുടെ കണ്ണുകളില്‍ ആ മടുപ്പിനേക്കാള്‍ ഒരു നിറം മങ്ങിയ ശാന്തതയായിരുന്നു, ദീര്‍ഘനിശ്വാസങ്ങളില്ലാതെ, കാലത്തിന്റെ ആ ബന്ധനത്തിനുള്ളില്‍ അവര്‍ ശാന്തയായിരുന്നു, കൂടെയുള്ള കണ്ണികള്‍ പലവയും പിരിഞ്ഞുപോയെങ്കിലും, ചേരാന്‍ കൂട്ടാക്കാതെ പുതിയവ പലതും അഴിഞ്ഞും തിരിഞ്ഞും നിന്നെങ്കിലും ആ കണ്ണുകള്‍ അപ്പോഴും വിദൂരതയിലെ ഏതോ ശാന്തികുടീരങ്ങളില്‍ സ്വസ്ഥമായി വിശ്രമിച്ചു .

  ഒരുപക്ഷെ  പുതിയ ഒരു തുടര്‍ച്ചയിലേക്കുള്ള യാത്രയുടെ  തയ്യാറെടുപ്പിലായിരുന്നിരിക്കാം...

Comments

Popular Posts

ഉറുമ്പുകള്‍

ആഴത്തിൽ

കുരുതിക്കളം

സീത

അറിയപ്പെടാത്തവര്‍