ആഴത്തിൽ

ആഴത്തിലാഴത്തിൽ... ആഴത്തിൽ കൊത്തൂ..
കെട്ടുപിണഞ്ഞ്കിടക്കുന്ന
പൊന്തൻകാടുകൾക്കിടയിലൂടെ...
തോന്നിവാസത്തിലോടാൻ കൊതിക്കുന്ന
വെള്ളക്കുടുക്കകളെയും കടന്ന്...

            * * * *
പുതുമണ്ണിന്റെ മണം കൊണ്ട് കൊതിച്ചു കൊതിച്ചാവണം,
അപ്പൂപ്പൻതാടികൾ ചിറകുവിടർത്തി കണ്ണ് മിഴിച്ച് നിൽപ്പുണ്ട്..
കാലടിക്കൊട്ടുകൾ കേട്ട് ഞെട്ടിയെഴുന്നേറ്റാവണം
ചീവിടുകൾ കരഞ്ഞു കരഞ്ഞു പൊളിക്കുന്നുണ്ട്,
(മറവി തിന്ന ഓർമ്മമരങ്ങളുടെ മക്കളാണത്രേ ചീവിടുകൾ)
ഭൂതകാലത്തോട് പിണങ്ങിപ്പിരിഞ്ഞാവണം,
കൊക്കൊടിഞ്ഞ് നരച്ച് കൂനിയ ബലിക്കാക്കൾ രണ്ടെണ്ണം
ഇടംകണ്ണിട്ട് നോക്കുന്നുണ്ട്...
മഴക്കാടുകളുടെ തടവറയിൽ കിടന്ന്
നേർത്തു നേർത്തു വിളർത്തുപോയ നിലാവുണ്ടല്ലോ....

               * * * *
വേഗത്തിലാവട്ടെ...
തണുത്തമണ്ണിന്റെ ആഴങ്ങളിലേക്ക് കൊത്തൂ...
ചിതലുകളോടും മണ്ണോടും മഴയോടും പടവെട്ടി
തളർന്നിരിക്കുന്നൊരു മരക്കുതിരയുണ്ട്...
അവന്റെ കാൽചക്രങ്ങൾ കാണുംവരെയാട്ടെ...
ആഴത്തിൽ..
അവയോട് ചേർന്ന് കണ്ണടച്ചുറങ്ങുന്ന
രണ്ട് പളുങ്ക്ഗോലികൾ കാണാം...
കണ്ണുമടുക്കുവോളം കാഴ്ചകൾ തരുന്ന മരങ്ങളാവാൻ
പണ്ട് പണ്ട് ഞങ്ങൾ കുഴിച്ചിട്ടതാണ്...

ചുവന്നു മടുത്ത ഈ മഞ്ചാടിവിത്തുകൾ കൂടി
അവയ്ക്കൊപ്പം ചേർക്കൂ...
ഇന്നലെ..
ഇരുണ്ടു പെയ്തൊരു മഴയത്ത്,
വഴിതെറ്റിവന്നൊരു മിന്നൽപിണരിനു കൂട്ടു പോകും മുൻപ് തന്നതാണ്..

മഴയോടുകൂടിയതിന് വേനലിനൊരു രക്തസാക്ഷിയെ
വേണ്ടിയിരുന്നല്ലോ.....



Comments

Popular Posts

ഉറുമ്പുകള്‍

കുരുതിക്കളം

സീത

അറിയപ്പെടാത്തവര്‍