കുരുതിക്കളം


കുരുതിക്കളത്തിന്റെ ഒതുക്കുകല്ലുകളിലൊന്നില്‍  മലയിറങ്ങി വരുന്ന ചുവന്ന സുര്യനെ നോക്കി എന്തോ ചിന്തിക്കുകയായിരുന്നു വെള്ള....

 ചുവപ്പ്....മണ്ണില്‍ കൈ തൊട്ട്  പണിയാന്‍ തുടങ്ങിയന്നു മുതലിന്നോളം (അല്ലെങ്കിലതിന്നുo മുന്‍പേ ) അയാള്‍ കണ്ട, കേട്ട കൊടികളുടെയെല്ലാം നിറം ചുവപ്പ് മാത്രമായിരുന്നു... ദൈവത്തിന്‍റെ,ഭൂമിയുടെ,കാടിന്റെ,സ്വാതന്ത്ര്യത്തിന്റെ,പണത്തിന്റെ,നെല്ലിന്റെ ,ചോറിന്റെ,ചോരയുടെ....

ചോര; ചോര എന്നതില്‍ അയാളുടെ ചിന്ത വീണ്ടും ഒന്നാഞ്ഞു വിശ്രമിച്ചു.അത് വെളുത്ത് ചാരമായിക്കിടക്കുന്ന കാടിന് ചുറ്റും ഒന്നോടി. അവിടെ,ചടച്ചിയുടെ പൊത്തില്‍ കൂട് വെച്ച മൈനകളുടെ,വെണ്‍തേക്കിന്റെ ചുവട്ടില്‍ ഓടിക്കളിച്ച മുയല്‍ക്കുഞ്ഞന്മാരുടെ,പൂത്തുലഞ്ഞ് മുളയരി പെയ്യിച്ച് നിന്ന ഇല്ലിക്കാടുകളുടെ,പുറ്റുകളില്‍ തപസ്സ് ചെയ്തിരുന്ന നാഗത്താന്മാരുടെ,ഇളം പുല്ലില്‍ ഒളിച്ചും പാത്തും കളിച്ച പുല്‍ച്ചാടികളുടെ,പച്ച മണ്ണില്‍ നീണ്ടുനിവര്‍ന്ന് ഉറങ്ങുകയായിരുന്ന നീളന്‍ മണ്ണിരകളുടെ ഒക്കെ  ആത്മാവുകളെ തൊട്ടുതലോടി വീണ്ടും വെള്ളയുടെ ചിന്താമണ്ഡലത്തിലേക്ക് ചേക്കേറി...

അയാളുടെ മണ്മറഞ്ഞ പൂര്‍വികര്‍ കിളച്ചു മറിച്ചിട്ട മലനിരകളില്‍ എവിടെ നിന്നോ പൊട്ടിയ ഒരുറവ, അതയാളുടെ കണ്ണില്‍ രണ്ടു ചെറിയ നീര്‍ച്ചാലുകളായി രൂപം പ്രാപിച്ചു..

കാട് കത്തിയെരിഞ്ഞു തീര്‍ന്ന ആ  സന്ധ്യക്ക് കുരുതിക്കളത്തിന് മുന്നിലിരുന്ന്‍,തനിക്ക് ചുറ്റും കിടന്ന വെറും  ചാരത്തില്‍ മുഖമമര്‍ത്തി വെള്ള കരയുകയായിരുന്നു... വെള്ള എന്ന വെറും പണിയന്‍....


“കാട് കത്തുന്നത് നിങ്ങള്‍ കാണുന്നില്ലേ ?? നമ്മള്‍ പണിതെടുത്ത മണ്ണില്‍ നിന്നും നമ്മളെ കുടിയൊഴിപ്പിച്ച ഭരണത്തിനെതിരെ,കാട് കത്തിക്കുന്ന കാട്ടാളന്മാര്‍ക്കെതിരെ,നിങ്ങളുടെ മനസ്സാക്ഷിയുടെ അംഗീകാരം വോട്ടുകളായി രേഖപ്പെടുത്തി ഞങ്ങളെ വിജയിപ്പിക്കുക ..." 



വെള്ളയുടെ കണ്ണീര്‍പ്പുഴകളില്‍ പൊടി പറത്തിക്കൊണ്ട് ഏതാനും കൊടികെട്ടിയ ജീപ്പുകള് മണ്‍വഴികള്‍ക്കു മീതെ പുതിയ അക്ഷരങ്ങള്‍ എഴുതിക്കൂട്ടി,ഘോരഘോരം പ്രസംഗിച്ച്,പരസ്പ്പരം ചവച്ചു തുപ്പി കടന്നുപോയി. നീലകുത്താന്‍ പുതിയതും  പഴയതും  തേഞ്ഞതും ചളുങ്ങിയതുമായ ചൂണ്ടു വിരലുകളെ തപ്പി അവ നടന്നു...സമരക്കുടിലുകളില്‍ പുത്തന്‍ കലങ്ങളില്‍ ചോറും പുതിയ സഖ്യങ്ങളും തിളച്ചു പൊന്തി.പണിയന്‍ കേളുവും അവന്‍റെ പണിച്ചിയുമെല്ലാം കേളുവേട്ടനും ചീരുവേടത്തിയുമായി രൂപാന്തരപ്പെട്ടു , അവരുടെ കൂരകള്‍ “മ്മളെ വീടുകളും” അവരുടെ കുഞ്ഞുങ്ങള്‍ വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞ മിട്ടായിമണമുള്ളവരുമായിത്തീര്‍ന്നു.
സര്‍വലോക സാഹോദര്യവും,ന്യൂനപക്ഷവാദവും,വര്‍ഗ്ഗീയതയും,പിന്നാക്ക വികസനവും ഒക്കെ അരിയിലും  വെണ്ടയിലും  മുരിങ്ങയിലും പൊതിഞ്ഞ് വീടുകളിലെത്തി...



“വെള്ളേട്ടോ,ഇങ്ങള വോട്ടു പിന്നെ ചോദിക്കണ്ടാലോ...പിന്നെ ഇത് മ്മളെ ഒരു സന്തോഷം,വിഷു ഒക്കെല്ലേ...ഇന്നലെ ചെയ്തത് വെടിപ്പായി ചെയ്തിന്,ആര്‍ക്കും കണ്ടാല് സംശയം ഒന്നും തോന്നൂല്ലാ..ഇവിടെ ഇത് കൊറേ കത്യേനെക്കൊണ്ട് ഇങ്ങക്കന്ന്യല്ലേ വെള്ളെട്ടാ ഉപകാരായത്?!! ഞങ്ങക്കും മറിക്കാ ഓട്ട് കൊറേ.....രാവിലെ റെടിയായിക്കോ ഞങ്ങള് ഓട്ടിന് ഇങ്ങക്കെല്ലാം സ്പെഷല്‍ വണ്ടീം പറഞ്ഞിട്ട്ണ്ട്”


വെള്ള, തന്‍റെ മുന്നില്‍ കൊണ്ട് വച്ച  കുപ്പിയില്‍ കിടന്നു തിളങ്ങുന്ന ചുവന്ന വെള്ളത്തെയും,അതിനരികിലെ കോടിമുണ്ടിനെയും കരിഞ്ഞകാടിനെയും മാറി മാറി നോക്കി,വര്‍ഷങ്ങള്‍ക്കു മുന്‍പ് അയാളുടെ അച്ഛന്‍ കാളന്റെ ശവസംസ്കാരച്ചടങ്ങാണ് അയാള്‍ക്കോര്‍മ്മ വന്നത്, അന്ന് കാളന് പുതക്കാന്‍   കോടി കൊണ്ടുവന്നത് ഏതോ മുന്തിയ പട്ടരായിരുന്നത്രേ...കാളന്‍ ഒരു നെറിയുള്ള പണിയനായിരുന്നു... അയാളുടെ ജീവിതകാലം മുഴുവന്‍ അയാളുടെ കൈകള്‍ മണ്ണിനും കാടിനും പണയംകൊടുത്തവയായിരുന്നു... താനോ ?? മേലനങ്ങാതെ കിട്ടിയ കൂലി വാങ്ങി,പിറന്ന മണ്ണിനെ കത്തിച്ചു കളഞ്ഞ കുലദ്രോഹി!!!

  
സന്ധ്യമയങ്ങിയിരുന്നു,കുരുതിക്കളത്തിന്റെ ഭൂപടത്തില്‍  വെള്ളയുടെ നിഴല്‍ വലംവച്ചു കൊണ്ടേയിരുന്നു... അയാള്‍ തന്‍റെ ചരിത്രo ഓര്‍ത്തെടുക്കുകയായിരുന്നു..

ഓര്‍മ്മകള്‍ക്കും മുന്‍പേ അയാള്‍ ഒരു പണിയനായിരുന്നു.അന്നാട്ടിലെ ഒരുപക്ഷെ  ഏറ്റവും നല്ല പൌരനുo.ഓരോ തിരഞ്ഞെടുപ്പിനും അയാളുടെ മനസ്സാക്ഷിയുടെ അംഗീകാരം ജീപ്പിലും ലോറിയിലും സ്പെഷല്‍ വണ്ടികളിലും കയറി ഭരണകൂടത്തിലെത്തിയിരുന്നു...
കാലവും ലോകവും മാറി അയാള്‍ മാത്രം മാറിയില്ല,അല്ലെങ്കില്‍ അയാളുടെ ലോകം മാത്രം മാറിയില്ല... അയാളുടെ പുല്ലുമേഞ്ഞ കൂരയില്‍ രാത്രികളില്‍ മണ്ണെണ്ണ വിളക്കുകളെരിഞ്ഞു,അയാളുടെ മക്കള്‍ മണ്ണില്‍ ഹരിശ്രി  വരച്ചു പഠിച്ചു,വല്ലപ്പോഴും കാടുകയറുന്ന ക്യാമറക്കണ്ണുകളെ നോക്കി അവര്‍  പ്രതീക്ഷയോടെ പുഞ്ചിരിച്ചു... അവര്‍ സമരങ്ങള്‍  നടത്തി,പട്ടിണി കോലങ്ങളെ അടിച്ചമര്‍ത്താന്‍ വെടിവെപ്പ് നടന്നു.. അയാളുടെ മകന്‍ വെടിയേറ്റ് മരണപ്പെട്ടു,അയാളുടെ പെണ്മക്കളെ കൃഷിസ്ഥലങ്ങളില്‍ സുരക്ഷിതരാക്കാനും അയാള്‍ക്ക് കഴിഞ്ഞില്ലാ...ഓര്‍മ്മകള്‍ പലവഴി താണ്ടി ചുരം കയറി....അയാളുടെ തലയില്‍ തെയ്യം കെട്ടാന്‍ തുടങ്ങിയിരുന്നു....

“മണ്ണ് വളര്‍ത്തിയ പാഴ്ച്ചെടിയാണിവന്‍

കാടിനെ വേട്ട കുലദ്രോഹിയത്രേ.....”

അയാള്‍ക്ക് ചെണ്ടകൊട്ടു കേള്‍ക്കാം,കറുത്തിരുണ്ട കാടിന്റെ ആത്മാവ്  അയാള്‍ക്ക് വിളക്ക് തെളിച്ചു കൊടുക്കുകയാണ്,അയാളുടെ പുറകില്‍ ആളാരവം കേള്‍ക്കാം... ഇന്ന് ഉത്സവമാണ്....അയാള്‍ തെയ്യമാണ്‌ ... കാട്ടു മുത്തി തൃക്കോവില്‍ തുറന്ന് പുറത്തിറങ്ങി അയാള്‍ക്ക് തിരുവാഭരണങ്ങള്‍ നല്‍ക്കി,ചിലമ്പും വാളും നല്‍കി... അയാളത് കൈനീട്ടി സ്വീകരിച്ചു...ചാരവും മണ്ണും കൊണ്ട് അയാള്‍ മുഖമെഴുതി...
ബലി വേണം ബലി....ചെയ്ത പാപങ്ങള്‍ കഴുകിക്കളയാന്‍ കുരുതികൊടുക്കണം....കുരുതിക്കല്ല് പറഞ്ഞു...  അയാളുടെ ഇടതു കൈപ്പതിയെ അത്   സ്നേഹത്തോടെ ചേര്‍ത്തു പിടിച്ചു....
അയാളുടെ  വലതു കൈയ്യിലെ വാള്‍ അതിനു മീതെ  ഒന്നുയര്‍ന്നുതാണു....

 വെള്ളയുടെ കൈപ്പത്തി പുത്തന്‍ സ്വാതന്ത്ര്യത്തിന്‍റെ സുഖത്തില്‍ മണ്ണോട് ചേര്‍ന്ന്  സ്വസ്ഥമായി കിടന്നു.

നീലകുത്തി വികൃതമാക്കാന്‍ ഇനി വെള്ളക്ക് കൈയില്ലാ...അത് ചോദിച്ചിനിയാരും അയാളെ തേടി വരികയില്ലാ.....


വക്ക് കൊടിയ വാളിന്റെയറ്റത്തു നിന്ന് ഒരു തുള്ളി കണ്ണീര്‍ പുറത്തു ചാടി...അത് മണ്ണിലേക്കിറങ്ങി ചെന്നു...അങ്ങ് ദൂരെ ചങ്ങലമരത്തില്‍ കെട്ടിയിട്ട കരിന്തനടന്റെയാത്മാവ് ആ നനവില്‍ ഒന്ന് തളിര്‍ത്തു...

വെള്ള അപ്പോള്‍ ആകാശത്തുദിച്ച പുതിയ നക്ഷത്രങ്ങളെ നോക്കി ചിരിക്കുകയായിരുന്നു... വെള്ള എന്ന വെറും മനുഷ്യന്‍ !

         ***  ***  ***

പിന്‍കുറിപ്പ്:-

കന്നി വോട്ട് ചെയ്യാന്‍, നീണ്ട ക്യൂവില്‍ നില്‍ക്കുമ്പോ കണ്ട കാഴ്ചയാണ്, ഏകദേശം തൊണ്ണൂറ് വയസ്സായ ഒരു ആദിവാസി അപ്പൂപ്പനെ താങ്ങിപ്പിടിച്ചും കൊണ്ട് വല്ല്യ സന്തോഷത്തില്‍ കയറി വരുന്നവരെ...പേര് വെള്ള എന്ന് പറഞ്ഞു വോട്ട് ചെയ്യിപ്പിച്ചു. പിന്നെ, ഞാന്‍ വോട്ട് ചെയ്തു കഴിഞ്ഞു തിരിച്ചിറങ്ങാന്‍ നേരം, കൊണ്ട് പോവാന്‍ ആളെയും കാത്തെന്നോണം വരാന്തയിലിരിപ്പുണ്ടായിരുന്നു. കണ്ടപ്പോ എന്നെ നോക്കിയൊന്നു ചിരിച്ചു, ഞാനും... ആ ഇരിപ്പ് കണ്ടപ്പോ എന്തോ സങ്കടം തോന്നി.. എവിടെയോ....
     
      





Comments

Popular Posts

ഉറുമ്പുകള്‍

ആഴത്തിൽ

സീത

അറിയപ്പെടാത്തവര്‍