വായന



            
അമ്മയുടെ ചൂടുപറ്റി അമ്മിഞ്ഞപ്പാല് നുണച്ചിറക്കുമ്പോള്‍
അവള്‍ പാല്‍മണമുള്ള അമ്മക്കഥകള്‍ വായിക്കുകയായിരുന്നു..
കണ്ണു ചിമ്മിക്കൊണ്ട് ആകാശത്ത് അമ്പിളിമാമന്‍
പൂത്തിരികത്തിക്കുന്നത് കണ്ടിരിക്കുമ്പോള്, അതില്‍ നിന്നും തെറിച്ചുവീണ
നുറുങ്ങുവെട്ടങ്ങളുടെ നുറുങ്ങു കവിതകള്‍ വായിക്കുകയായിരുന്നു....
ഇടവപ്പാതികളുടെ ആകാശത്ത് കാപ്പിരിമേഘങ്ങള്‍ ഓടിനടക്കുമ്പോള്‍
അവള്‍ കാട്ടുമനുഷ്യരുടെ കറുത്തകഥകള്‍ വായിക്കുകയായിരുന്നു...
മുത്തച്ഛന്‍ മരിച്ച ചിത എരിയുമ്പോള്‍ അവള്‍
തെക്കേ തൊടിയിലെ മൂവാണ്ടന്‍ മാവിന്റെ മരണക്കുറിപ്പ് വായിക്കയായിരുന്നു...
കടല്‍ക്കരയിലെ പൂഴിമണ്ണില്‍ കാലുപൂഴ്ത്തി വെച്ച്
മുഖത്തു വിരിഞ്ഞചുവപ്പിനെ പടിഞ്ഞാറ് പുതച്ച സന്ധ്യയോടൊത്ത് നോക്കുമ്പോ...
മണല്‍തരികള് കടലിനോട് പറഞ്ഞ നുണക്കഥകള്‍ വായിക്കയായിരുന്നു അവള്‍....
കിടപ്പുമുറിയിലെ നീലക്കണ്ണാടിക്ക് മുന്നിലിരുന്നു സിന്ദൂരം വരക്കുമ്പോ...
അവള്‍ സിന്ദൂരച്ചുവപ്പിന്റെ സമരകഥകള്‍ വായിക്കുകയായിരുന്നു...
അടുക്കള മുറ്റത്ത് ചവറുകള്‍ കൂട്ടിയിട്ട് കത്തിക്കുമ്പോള്‍
അവള്‍ മിണ്ടാതെയിരുന്ന്‍
പഴഞ്ചന്‍ ചവറുകളുടെ ആത്മകഥ വായിക്കുകയായിരുന്നു...
ഇറയത്ത്‌ വീണ പഴുത്ത പ്ലാവിലകള്‍ ചൂലുകൊണ്ടടിച്ചു കൂട്ടുമ്പോ..
ഇനിയും എഴുതാത്ത  അക്ഷരങ്ങളെ വായിക്കുകയായിരുന്നു അവള്‍..
ഇതാ... ഇപ്പോ... നിങ്ങളവളെ വായിച്ച് കൊണ്ടിരിക്കുമ്പോള്‍..
ദൂരെ പേരറിയാത്ത ഒരു ദ്വീപില്‍  അവള്‍
ഭ്രാന്തിന്റെ അക്ഷരങ്ങളെ കൂട്ടിയെഴുതുകയായിരുന്നു....

Comments

  1. athu polichu manjuo... geep itt app...

    ReplyDelete
  2. എല്ലാത്തിനും മറ്റൊരു നിര്വചനം.....മനോഹരം :)

    ReplyDelete
  3. ചിപ്പിക്കുള്ളിലെ മുത്തുപോലെ മനോഹരം !

    ReplyDelete

Post a Comment

Popular Posts

ഉറുമ്പുകള്‍

ആഴത്തിൽ

കുരുതിക്കളം

സീത

അറിയപ്പെടാത്തവര്‍