കാഴ്ച്ച... അഥവാ ഉള്‍ക്കാഴ്ച്ച....




കാഴ്ചയില്ലാതാകുമ്പോഴാണ് പലപ്പോഴും കാഴ്ച്ചക്കാര്‍ ജനിക്കുന്നത്.പക്ഷെ ചില കാഴ്ചകള്‍... അവ നല്‍കുന്ന ഉള്‍ക്കാഴ്ച്ചകള്‍ അവയെക്കുറിച്ച് പറയാതിരിക്കാന്‍ വയ്യ .



 compulsary social service എന്നൊരു ഏര്‍പ്പാടുണ്ട് .വിദ്യാര്തികളിലെ സാമൂഹിക ബോധം വളര്‍ത്താന്‍ സര്‍വകലാശാല നിര്‍ദേശിച്ച ഒരു മാര്‍ഗമാണ് പഠനകാലയളവിലെ  ഈ നിര്‍ബന്ധിത സാമൂഹ്യ സേവനം .ആശുപത്രി ശുചീകരണം,രക്തദാനം തുടങ്ങി റോഡരികിലെ പുല്ലു പറിച്ചോ കോളേജ് മൈദാനം കിളച്ചു മറിച്ചോ വരെ  സമൂഹവുമായി അടുക്കാന്‍ വിദ്യാര്തികള്‍ക്ക് കിട്ടുന്ന 90 മണിക്കൂറുകള്‍.പഠിച്ചു ഡിഗ്രി കയ്യില്‍ കിട്ടാന്‍ ഈ സേവനം നിര്‍ബന്ധമായും പൂര്‍ത്തിയാക്കണം.ഞങ്ങളുടെ കോളേജിലെ  ഇലക്ട്രോണിക്സ് വിഭാഗത്തിന്റെ പൂര്‍വചരിത്രപ്പ്രകാരം ഞങ്ങള്‍ വിദ്യാര്‍ഥികളുടെ  സാമൂഹ്യ സേവനം ആരംഭിക്കുന്നത് ഒരു സ്കൂള്‍ സന്ദര്‍ശിച്ചുകൊണ്ടാണ്.കോളേജിനു അടുത്തായി ഒരു ട്രസ്റ്റ്‌ നടത്തുന്ന differently abled ആയ കുട്ടികള്‍ പഠിക്കുന്ന ഒരു വിദ്യാലയം. ആശുപത്രി സന്ദര്‍ശനം എന്നൊക്കെ പറയും പോലെയുള്ള പതിവ് ക്ലീഷേകള്‍ ഒഴിവാക്കി,ആ ദിവസം അവിടെ ഒരാഘോഷമാക്കാനാണ് ഞങ്ങള്‍ വിചാരിച്ചത്.അന്നത്തെ ആ ഒരു ദിവസം ഉപയോഗശൂന്യമായേക്കാമായിരുന്ന ഒരു ശനിയാഴ്ച,ആ ദിവസം എനിക്ക് തന്നത് എനിക്ക് ഈ ജീവിതം മുഴുവന്‍ കൊണ്ട് നടക്കാവുന്ന വെളിച്ചമാണ്.





ദൈവത്തിന്റെ ഏതോ ഒരു നിമിഷത്തെ അശ്രദ്ധകൊണ്ട് നമ്മളോളം കഴിവുകളില്ലാതെ,നമ്മെപ്പോലെ ജീവിതം സന്തോഷിച്ചാസ്വദിക്കാന്‍ കഴിയാത്ത കുറച്ച് പേര്‍,അവരുടെ കഷ്ടങ്ങളും സങ്കടങ്ങളും ഒക്കെ മറന്ന് അന്നത്തെ ദിവസo അവരെ ഒരുപാട് സന്തോഷിപ്പിക്കണം എന്നൊക്കെ വിചാരിച്ചു ഞാന്‍.അവര്‍ക്ക് കൊടുക്കാന്‍ ചെറിയ സമ്മാനപ്പൊതികളും കുറച്ച് കളികളും പിന്നെ സ്ഥാപനത്തിന് ഒരു ചെറിയ സഹായവും ഇതൊക്കെയായിരുന്നു ഉദ്ദേശം. അവിടെ ചെന്ന് ആ കുട്ടികളെ കണ്ടപ്പോള്‍ ആദ്യം തോന്നിയത് വല്ലാത്ത സങ്കടമാണ്... മറ്റുള്ളവരുടെ ദുഖങ്ങള്‍ കാണുമ്പോള്‍ പുറത്തു ചാടുന്ന സിംപതി അത് നമ്മുടെ മനസ്സിന്റെ ഒരു ഭാഗം തന്നെയാണ് അതൊരു പൊള്ളയായ വിചാരമാണെങ്കിലുo.....പക്ഷെ അവിടെ ചെന്ന് അധികം കഴിയും മുന്‍പേ എനിക്ക് മനസ്സിലായി ഇവിടെ ചികിത്സക്ക് വന്നിരിക്കുന്നത് ഞാനാണെന്ന്...... പല പല വൈകല്യമുള്ളവര്‍ സംസാരശേഷിയില്ലാത്ത ,ബുദ്ധിമാന്ദ്യമുള്ള,നേരാം വണ്ണം നടക്കാന്‍ കഴിയാത്ത,തങ്ങളുടെ  ചിന്തകള്‍ക്കൊപ്പം നടക്കാത്ത അംഗങ്ങളുള്ളവര്‍ അവരുടെ നിസ്സഹായരായ മാതാപിതാക്കള്‍  അവരെ സഹായിക്കാന്‍ അധ്യാപകര്‍........പക്ഷെ ഒരിക്കല്‍ പോലും അവരുടെ ആരുടേയും മുഖത്ത് നിസ്സഹായതയുടെയോ ദുഖത്തിന്റെയോ ഒരു കണിക പോലും ഞാന്‍ കണ്ടില്ല......അവരാരും തനിക്കു കിട്ടാതെ പോയ സുഖങ്ങളെയോര്‍ത്തു വിഷമിക്കുകയോ,ദൈവത്തോട് ശാപവാക്കുകള്‍ പറയുന്നതായോ ഞാന്‍ കേട്ടില്ല.......പുഞ്ചിരിച്ച മുഖത്തോടു കൂടിയല്ലാതെ ഒരാളെപ്പോലും ഞാന്‍ കണ്ടില്ല...അവരെയാരെയും കൂടുതല്‍ സന്തോഷിപ്പിക്കെണ്ടതില്ല കാരണം അവരോരോരുത്തരും അവരുടെ ജീവിതത്തില്‍ സംതൃപ്തരാണ്.....നമ്മളൊക്കെ നമ്മുടെ ജീവിതത്തില്‍ എത്ര നാള്‍ അല്ലാ ചുരുങ്ങിയത് എത്ര നിമിഷങ്ങള്‍ അങ്ങനെ സംതൃപ്തിയുടെ സുഖമറിഞ്ഞു കാണും...? നാം നമ്മുടെ ജീവിതത്തിന്‍റെ  പകുതി ഭാഗം ഭാവിയുടെ ഉദ്യാനങ്ങള്‍ക്കും ബാക്കി പകുതി ഭൂതകാലത്തിന്റെ ചവറ്റു കോട്ടയിലുമായി പങ്കു വെച്ചിരിക്കുകയാണ്...ദൈവങ്ങള്‍ക്ക് കൈക്കൂലി കൊടുത്തും മറ്റുള്ളവരെ പ്രീതിപ്പെടുത്തിയും നമ്മള്‍ നേടിയെക്കാം എന്ന് കരുതുന്ന സുഖങ്ങളിലാണ് നമ്മുടെ ജീവിതത്തിന്‍റെ മഞ്ഞുകട്ടകള്‍  ഉറഞ്ഞുകൂടിയിരിക്കുന്നത്.അവിടെ മറ്റുള്ളവരുടെ വേനലുകള്‍ക്കും വര്‍ഷങ്ങള്‍ക്കും സ്ഥാനമില്ല....കിട്ടാതെപോയ വിളവിനെയോര്ത് പരിതപിച്ച് സ്വന്തം കൃഷിഭൂമിയെ തരിശു നിലമാക്കി അതിനു കാവലിരിക്കുന്നവരാണ് നമ്മള്‍.ഒരേ സമയം മണ്ണിനോടും മനസ്സിനോടും തെറ്റ് ചെയ്യുന്നവര്‍.....





യഥാര്‍ത്ഥത്തില്‍ ഞാനവിടെ ചെന്നത്, ഞാന് എനിക്കുണ്ട് എന്ന് കരുതിയ കഴിവുകളുടെയും,എനിക്കില്ലതെപോയ കഴിവുകേടുകളുടെയും ഒരു മുഖംമൂടി ധരിച്ചുകൊണ്ടായിരുന്നു അതില്‍ നിന്ന് പുറത്തു വന്ന ഒരു നാട്യമാണ്  ഞാന്‍ നേരത്തെ പറഞ്ഞ സിംപതി...മുന്‍പ് പറഞ്ഞത് പോലെ ഞാനായിരുന്നു രോഗി,ആ കുട്ടികളുമായി ചിലവഴിച്ച ചില മണിക്കൂറുകള്‍ എനിക്ക് കിട്ടിയ ചികിത്സയും....എന്‍റെ ജീവിതത്തില്‍ ഞാന്‍ ഏറ്റവും അധികം ബഹുമാനിക്കുന്നതും അവരെയാണ്......അവരെപ്പോലെ ഒരാളാകുവാന്‍ ഞാന്‍  ആഗ്രഹിക്കുന്നു.......അവര്‍ ദിവസവും അവരുടെ സ്കൂളിലേക്ക് വരുന്നു, ഈശ്വരനെ പ്രാര്‍ഥിച്ചു കൊണ്ട് അവരുടെ ദിവസങ്ങള്‍ ആരംഭിക്കുന്നു.....സാമാന്യ പാഠങ്ങള്‍ പഠിച്ച് അവരെക്കൊണ്ടാവുന്ന ചെറിയ മേഖലകളില്‍ പരിശീലനം നേടി ഒരു ചെറിയ സംഖ്യ സമ്പാതിച്ച്  അവരുടെ കുടുംബങ്ങളെ സഹായിക്കുന്നു.ഒരു പക്ഷെ ശാരീരികമായും മാനസികമായും നമ്മെക്കാള്‍ കുറച്ച് പിറകിലായ,  ഇരുട്ടിലേക്ക് തള്ളിവിടപ്പെടാമായിരുന്ന......ഈ കുറച്ച് പേര്‍ നമ്മുടെയൊക്കെ മുന്നില്‍ തെളിച്ച് വെക്കുന്ന വിളക്കുണ്ടല്ലോ... അതിന്റെ ഒരു തരിയെങ്കിലും നമുക്ക് ഉള്‍കൊള്ളാന്‍ കഴിഞ്ഞാല്‍ അത് മതി പരസ്പരം പഴിപറഞ്ഞു തീര്‍ക്കുന്ന  നമ്മുടെയൊക്കെ ജീവിതത്തിനു വെളിച്ചമാവാന്,നമ്മുടെയൊക്കെ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന അമാനുഷന്മാരെ പുനര്‍ജനിപ്പിക്കാന്‍….. ഈ  ലോകം മുഴുവന്‍ പ്രകാശിപ്പിക്കാന്‍....... കാരണം നമ്മളൊക്കെ കരുതും പോലെ ഈ ലോകം അത്ര വലുതൊന്നുമല്ല, അതിനേക്കാള്‍ വലിയ ഒരു ഹൃദയമുണ്ട് ഇവിടെ താമസിക്കുന്ന മനുഷ്യരുടെയുള്ളില്‍,കാഴ്ചകള്‍ കാണാനും കേള്‍ക്കാനും,പറയാനും ,അറിയാനും ശേഷിയുള്ള വിശാലമായ ഒരു ഹൃദയം.. അതിനെ തൃപ്തിപ്പെടുത്താന്‍ നോട്ടുകെട്ടുകാളോ തിളക്കങ്ങളോ ഉയരങ്ങളോ വേണ്ടാ..........,അവിടെ ഗോപുരങ്ങള്‍ പണിയപ്പെടുന്നത് നമ്മുടെ ഉള്ളിലെ നന്മകള്‍ കൊണ്ടാണ്.......,ഒരു ചിരി, ഒരു കൈ സഹായം ,ഒരു നിമിഷത്തെ നിസ്വാര്‍ത്ഥത, അങ്ങനെ നമുക്ക് ചെയ്യാവുന്ന ഒരുപാട് കാര്യങ്ങളുണ്ടിവിടെ!!!



പോരാന്‍ നേരം അവര് ഞങ്ങളോട് പറഞ്ഞു” ഇനിയും വരണം....”

വരും.... തീര്‍ച്ചയായും വരും......  എനിക്കൊരുപാട് പഠിക്കാനുണ്ടിനിയും നിങ്ങളില്‍ നിന്ന്    

Comments

  1. എന്ന ഇക്കഴിഞ്ഞ കലാലയ ജീവിതത്തിലെ എവിടേക്കോ കൂട്ടി കൊണ്ട് പോയി.....നല്ല വായനാനുഭവം

    ReplyDelete
  2. നേര്‍ക്കാഴ്ച്ചയുടെയും, ഉണ്ടാകേണ്ട ഉള്‍കാഴ്ചയുടെയും വിവരണം. ഇത് വായിച്ചിട്ട് എഴുത്ത് നന്നായി എന്ന് പറഞ്ഞുപോകുന്നതില്‍ കഴമ്പില്ല, വായിക്കുന്നവരുടെ ചിന്തിക്കണം, ചിന്തിക്കും.
    രണ്ടുതവണ വായിച്ചു, രണ്ടാം വായനയില്‍ മനസ്സില്‍ തങ്ങിനില്‍കുന്നത് ഒരേയൊരു വരിയാണ് - "..പക്ഷെ അവിടെ ചെന്ന് അധികം കഴിയും മുന്‍പേ എനിക്ക് മനസ്സിലായി ഇവിടെ ചികിത്സക്ക് വന്നിരിക്കുന്നത് ഞാനാണെന്ന്......"

    ReplyDelete
    Replies
    1. എഴുത്തിന്റെ ശൈലിയല്ല അതിനു പിറകില്‍.. ഇതെഴുതുമ്പോഴുള്ള ആത്മാര്‍ഥത... വായനക്കാരെ ചിന്തിപ്പിക്കണം എന്നേ ഉണ്ടായിരുന്നുള്ളൂ.... അത് സാധിച്ചല്ലോ!!

      Delete
    2. എഴുത്തിന്റെ ശൈലി ശരിയായില്ല എന്നല്ല ഞാന്‍ ഉദ്ദേശിച്ചത്..അങ്ങനെ തോന്നിയെങ്കില്‍ ക്ഷമിക്കുക...എഴുത്തിനെ മാത്രം പ്രകീര്‍ത്തിച്ച് അഭിപ്രായം പറഞ്ഞാല്‍ പോരാ അതിന്റെ ഉദ്ദേശശുദ്ധിയെക്കൂടി അഭിനന്ദിക്കണം എന്നാണ് ഞാന്‍ ഉദ്ദേശിച്ചത് :)

      Delete
  3. എല്ലാം തികഞ്ഞവര്‍ എന്ന് അഹങ്കരിക്കുന്ന നമുക്കല്ലേ സത്യത്തില്‍ വൈകല്യം??
    നല്ല പോസ്റ്റ്‌...

    ReplyDelete
    Replies
    1. അതേ.....നമ്മുടെ മനസ്സിനാണ്‌ വൈകല്യം !!

      Delete
  4. How true! you have also tried to give an answer to the question we continue to ask painfully..why did the creator create them?

    They are here only to point out our imperfectness not theirs! Thank you for pointing it out..May each one of us look at them differently and help them in our own imperfect ways.

    ReplyDelete

Post a Comment

Popular Posts

ഉറുമ്പുകള്‍

ആഴത്തിൽ

കുരുതിക്കളം

സീത

അറിയപ്പെടാത്തവര്‍